നാളെ അർധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം; ഇല്ലാത്തവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

തിരുവനന്തപുരം: ഓട്ടോമാറ്റിക് ടോൾ പ്ലാസ പേയ്‌മെന്റ് സിസ്റ്റമായ ഫാസ്ടാഗ് നാളെ അർധരാത്രി മുതൽ നിർബന്ധം. ഫാസ്ടാഗ് ഇല്ലാത്തവർക്ക് ടോൾ പ്ലാസയിൽ അടയ്‌ക്കേണ്ട തുകയുടെ ഇരട്ടി തുക നൽകേണ്ടി വരും. വാഹനങ്ങൾക്ക് ‘എം’ ‘എൻ’ ഫാസ്ടാഗുകളാണ് ലഭിക്കുക. യാത്രക്കാർക്കുള്ള നാല് ചക്ര വാഹനങ്ങൾക്കാണ് എം. ചരക്കുകളും,യാത്രക്കാരുമുള്ള നാല് ചക്ര വാഹനങ്ങൾക്ക് എൻ ഫാസ്ടാഗ് ലഭിക്കും.‍‍‍‍

ഫെബ്രുവരി 15 അർധരാത്രി/ ഫെബ്രുവരി 16 മുതൽ ഫാസ്ടാഗ് നിർബന്ധമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയമാണ് അറിയിച്ചത്. ഡിജിറ്റൽ വഴിയുള്ള പണമിടപാട് വർധിപ്പിക്കുന്നതിന് ഫാസ്ടാഗ് സഹായിക്കുമെന്നും ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിനും, ഇന്ധനച്ചെലവിനും അറുതിവരുത്തുമെന്നും മന്ത്രാലയം പറഞ്ഞു.

ഇതിനകം തന്നെ ദേശീയ പാതകളിലൂടെ ശേഖരിയ്ക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.നേരത്തെ ജനുവരി ഒന്നുമുതൽ ഇത് നിർബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇത് ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങൾക്ക് മൂന്നാം പാർട്ടി ഇൻഷുറൻസ് കിട്ടാനും ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്.