ചമോലി മഞ്ഞുമല ദുരന്തം; മരണം 50 ആയി ; നിരവധി മൃതദേഹങ്ങൾ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നു

ചമോലി: ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണം 50 ആയി ഉയർന്നു. തപോവൻ തുരങ്കത്തിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും നിരവധി മൃതദേഹങ്ങൾ തുരങ്കത്തിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

30ലധികം മൃതദേഹങ്ങളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിൽ വെള്ളിയാഴ്ച നിർമിച്ച ദ്വാരം ഒരടി കൂടി വികസിപ്പിച്ചിട്ടുണ്ട്. ഒരു ക്യാമറ അതിലേക്ക് ഇറക്കി മൃതദേഹങ്ങൾ കണ്ടെടുക്കാനാണ് ഇപ്പോൾ ശ്രമം. തുരങ്കത്തിനുള്ളിലെ വെള്ളം ഒഴുക്കിക്കളയാൻ ഒരു പൈപ്പും അകത്തേക്ക് ഇട്ടിട്ടുണ്ട്.

ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്. ഇതേതുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയിൽ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

പ്രളയം നാശം വിതച്ച റെനി ഗ്രാമത്തിൽ ഋഷി ഗംഗയ്ക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഒലിച്ചുപോയതോടെ ചൈന അതിർത്തിയിലേക്ക് റോഡ് മാർഗം ഉള്ള ഗതാഗതം ദുഷ്‌കരമായി. ഇവിടെയുള്ള ഗ്രാമീണർക്ക് ഹെലികോപ്റ്റർ മാർഗമാണ് ഭക്ഷണപദാർത്ഥങ്ങൾ അടക്കമുള്ളവ സേന എത്തിക്കുന്നത്.