ബെംഗളൂരു: ഗ്രെറ്റ ത്യുൻബെ ഉൾപ്പെട്ട ടൂൾ കിറ്റ് കേസിൽ ബെംഗളൂരുവിൽ നിന്നുളള പരിസ്ഥിതി പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പെയ്നിന്റെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവി (21) എന്ന യുവപരിസ്ഥിതി പ്രവർത്തകയെ ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ടൂൾ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്.
കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഇന്നലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ പങ്കുവെച്ച ടൂൾ കിറ്റ് ഏറെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.
സംഭവത്തിൽ ഫെബ്രുവരി 4നാണ് പോലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ കർഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഗ്രെറ്റ് ത്യുൻബെയുടെ ട്വീറ്റിലൂടെയാണ്.
കർഷകസമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പോലീസ് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകർക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ടൂൾ കിറ്റ് എന്ന് ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണർ പർവീർ രഞ്ചൻ പറഞ്ഞു.