അജ്​മീറിലേക്ക്​ പോയ തീർഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; കുഞ്ഞടക്കം 14 പേർ മരിച്ചു

ഹൈദരാബാദ്​: ആന്ധ്രാപ്രദേശിലെ കുർനൂലിൽ മിനിവാനും ട്രക്കും കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു. നാല്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 44ൽ ഇന്ന് രാവിലെയായിരുന്നു അപകടം. ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ നിന്നും രാജസ്​ഥാനിലെ അജ്​മീറിലേക്ക്​ പോയ തീർഥാടക സംഘമാണ്​ അപകടത്തിൽ പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു​.

തീർഥാടകർ സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട്​ എതിർദിശയിൽ നിന്ന്​ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30നായിരുന്നു അപകടം. എട്ട്​ സ്​ത്രീകളും ഒരു കുഞ്ഞുമടക്കം പതിനാല് പേരും സംഭവ സ്​ഥലത്ത്​ വെച്ച് തന്നെ​ മരിച്ചു.

പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന്​ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. മിനിവാൻ ഡ്രൈവർ ഉറങ്ങിപ്പോയതോ ടയർ പൊട്ടിയതോ ആകാം അപകടകാരണമെന്നാണ്​ പൊലീസിൻറെ നിഗമനം.