രാത്രി വരെ കർമ്മനിരതയായി മേയർ ഡോ.സൗമ്യ ഗുജ്ജർ ; പുലർച്ചെ കുഞ്ഞിന് ജന്മം നൽകിയ സന്തോഷം

ജയ്പ‌ുർ: രാത്രി വരെ ഓഫിസിൽ കർമ്മനിരതയായ മേയർ ഡോ.സൗമ്യ ഗുജ്ജർ പുലർച്ചെ ആൺകുഞ്ഞിന് ജന്മം നൽകി. രാത്രി ഒൻപതു വരെ ഓഫിസിൽ ജോലി ചെയ്തിരുന്ന മേയർക്കാണ് പുലർച്ചെ 5.14നു സുഖപ്രസവം. സന്തോഷവാർത്ത ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് ഡോ.സൗമ്യ ഇങ്ങനെ കുറിച്ചു, ‘ജോലിയാണ് ആരാധന’. ഇതോടെ സമൂഹമാധ്യമങ്ങളിൽ മേയർക്കു വലിയ കൈയടി.

ജയ്പുർ ഗ്രേറ്റർ മേയർ ഡോ.സൗമ്യ ഗുജ്ജറാണ് പ്രസവവേദന തുടങ്ങുന്നതുവരെ ഓഫിസിൽ ജോലി ചെയ്തത്. ഡോ.സൗമ്യ ഗുജ്ജർ
കഴിഞ്ഞ ദിവസം വൈകിട്ടു തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒൻപതു വരെ മേയർ നഗരസഭാ ഓഫിസിൽ തുടർന്നു.

രാത്രി 12.30നു പ്രസവ വേദന തുടങ്ങിയതോടെ മേയർ ഒരു സ്വകാര്യ ആശുപത്രിയിലേക്കു പോകുകയായിരുന്നു. പുലർച്ചെ 5.15ന് ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ കാണിച്ചു മേയർ സൗമ്യ ഗുജ്ജർ ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ഇത് ആഘോഷമായി.

താനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മേയർ ട്വിറ്ററിൽ കുറിച്ചു. മറ്റു കുഴപ്പങ്ങളില്ലെങ്കിൽ മൂന്നു ദിവസത്തിനകം വീട്ടിൽനിന്നു മേയർ ജോലി പുനരാരംഭിക്കാനും ഒരാഴ്ച കഴിഞ്ഞ് ഓഫിസിൽ എത്താനുമാണ് മേയറുടെ പദ്ധതി. ബിജെപിയാണു നഗരസഭ ഭരിക്കുന്നത്.