മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

ന്യൂഡെൽഹി: രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗേ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻസഭാ നേതാവുമാണ് മല്ലികാർജുൻ ഖാർഗേ. ഗുലാം നബി ആസാദിൻ്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പകരം ഖാർഗേയെ തെരഞ്ഞെടുത്തത്. പി.ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് അടക്കമുള്ളവരെ തഴഞ്ഞാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ ഖാർഗേയെ തെരഞ്ഞെടുത്തത്.

കേന്ദ്ര തൊഴിൽ, റെയിൽവേ മന്ത്രിയുമായി മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാർജുൻ ഖാർഗെ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഇപ്പോൾ എറ്റവും പ്രധാനപ്പെട്ടതാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം. വർഷങ്ങളായി കൈയടക്കത്തോടെ ഈ പദവി വഹിച്ചിരുന്നത് ഗുലാം നബി ആസാദായിരുന്നു. ഫെബ്രുവരി 15 ന് ഗുലം നബി ആസാദ് പദവിയിൽ നിന്ന് പടി ഇറങ്ങും. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതായിരുന്നു അന്തിമ വാക്ക്. പി. ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് എന്നിവർ താത്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇവരിൽ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതിൽ കോൺഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല.