ദളിത് വിഭാഗത്തിൽ നിന്ന് ക്രിസ്ത്യൻ- മുസ്ലിം മതങ്ങളിലേക്ക് മാറിയവർക്ക് സംവരണ മണ്ഡലങ്ങളിൽ മത്സരിക്കാനാവില്ല; മാറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡെൽഹി: ദളിത് വിഭാഗത്തിൽ നിന്ന് ക്രിസ്ത്യൻ- മുസ്ലിം മതത്തിലേക്ക് മാറിയവർക്ക് പട്ടിക ജാതിക്കാർക്കായി നീക്കി വച്ചിരിക്കുന്ന സംവരണ മണ്ഡലങ്ങളിൽ നിന്നും പാർലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനാകില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഇത്തരക്കാർക്ക് മറ്റ് സംവരണ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിഖ്, ബുദ്ധമത വിശ്വാസികൾക്ക് പട്ടികജാതി സംവരണ സീറ്റുകളിൽ നിന്ന് മത്സരിക്കാനും മറ്റ് സംവരണ ആനുകൂല്യങ്ങൾ നേടാനും അർഹതയുണ്ടെന്നും ബിജെപി അംഗം ജി.വി.എൽ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ വ്യക്തമാക്കി.

ദളിത് വിഭാഗത്തിൽ പെട്ടവർ ഇസ്ലാം, ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതും ഹിന്ദു, സിഖ്, ബുദ്ധ മതം സ്വീകരിക്കുന്നതും പ്രകടമായ വ്യത്യാസമുണ്ട്. അതിനാൽ അവർക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കും. ഭരണഘടന പ്രകാരം പട്ടികജാതിയാകുന്നതിൽ ഹിന്ദു, സിഖ്, ബുദ്ധ മത വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.

ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവർത്തനം നടത്തിയവർക്ക് സംവരണ മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കില്ലെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.