ന്യൂഡെൽഹി: ട്വിറ്ററിന് ബദലായി കേന്ദ്ര സർക്കാർ ഇറക്കിയ ക്യൂആപ്പ് ഒട്ടും സുരക്ഷിതമല്ലെന്ന് ആക്ഷേപം. കർഷക സമരത്തെ അനുകൂലിച്ചും ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതുമായ ചില അക്കൗണ്ടുകൾ തടയുന്നതിനെ ചൊല്ലി ട്വിറ്ററുമായി സർക്കാർ തർക്കം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രം ‘കൂ ആപ്പ്’ ഇറക്കിയത്. ആപ്പിനുവേണ്ടി കേന്ദ്രമന്ത്രിമാരും സർക്കാർ സ്ഥാപനങ്ങളും പ്രചാരണം ആരംഭിച്ചു.
കൂ ആപ്പിൽ വലിയ സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് പ്രമുഖ ഫ്രഞ്ച് സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്സൺ തന്റെ ട്വിറ്റർ പ്രൊഫൈലിലൂടെ ആരോപിച്ചു. ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ പ്രധാനപ്പെട്ട സ്വകാര്യവിവരങ്ങളെല്ലാം വളരെ വേഗം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് എലിയറ്റ് ആൽഡേഴ്സൺ പുറത്തുവിട്ട ട്വീറ്റിൽ വ്യക്തമാക്കുന്നു.
വ്യക്തിഗത ഇ-മെയിൽ, ഫോൺ നമ്പർ, ലിംഗം, ജനനതിയതി അടക്കമുളള വിവരങ്ങൾ അതിവേഗം ചോരുമെന്നാണ് പറയുന്നത്.’ മുപ്പതു മിനിറ്റ് മാത്രമാണ് ആപ്പിൽ ചെലവഴിച്ചത്. പ്രാരംഭ പരിശോധനകളിൽ തന്നെ ആപ്പിലേക്ക് ഉപഭോക്താവ് നൽകുന്ന വിവരങ്ങൾ സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടു. ‘എലിയറ്റ് ആൽഡേഴ്സന്റെ ട്വീറ്റിൽ പറയുന്നു. ഇതുസംബന്ധിച്ച് ചില ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ യുഐഡിഎഐ ( ആധാർ ), ഫെയ്സ്ബുക്, വിവിധ മൊബൈൽ കമ്പനികൾ എന്നിവരുടെ ആപ്പുകളിൽ വലിയ സുരക്ഷാവീഴ്ചയുണ്ടെന്ന് പുറത്തുവിട്ട സൈബർ വിദഗ്ധനാണ് എലിയറ്റ ആൽഡേഴ്സൺ.
കർഷക സമരത്തെ തുടർന്ന് മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീനേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തെ ട്വിറ്റർ അംഗീകരിച്ചിരുന്നില്ല. ഇതോടെ ട്വിറ്ററിനെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നേക്കുമെന്നാണ് സൂചന. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം പേരാണ് കൂ ആപ്പ് ഡൗൺലൗഡ് ചെയ്തത്.