കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉന്മൂലന മാതൃകയും തമ്മിലുള്ള പോരാട്ടമായിരിക്കും ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂച്ച് ബഹറില്‍ പരുവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനങ്ങളുടെ ക്ഷേമത്തിനായാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മമത ബാനര്‍ജി പ്രവര്‍ത്തിക്കുന്നത് മരുമകന്‍ അഭിഷേക് ബാനര്‍ജിക്കുവേണ്ടിയാണ്.
അഭിഷേകുമായി തെറ്റിപിരിഞ്ഞാണ് നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. ബിജെപിയുടെ ലക്ഷ്യം അക്രമ ഭരണം അവസാനിപ്പിച്ച് വികസന മുന്നേറ്റം നടത്തുകയാണെന്നും എന്തുകൊണ്ടാണ് ജയ് ശ്രീറാം വിളിക്കുന്നത് ബംഗാളില്‍ കുറ്റകരമാകുന്നതെന്നും അദേഹം ചോദിച്ചു. ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും ആകില്ലെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം പശ്ചിമബംഗാളിൽ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാം. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
പശ്ചിമബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ല. ബിജെപിയെയും ഇടതുപക്ഷത്തെയും കോൺഗ്രസിനെയും തനിച്ച് നേരിടുമെന്നും മമത പറഞ്ഞു.