ഷോ കാണിക്കാൻ കരഞ്ഞതല്ല; സങ്കടവും ദേഷ്യവും നിരാശയുമായിരുന്നു മനസിൽ;’നാടകമെന്ന് ആക്ഷേപിക്കുന്നവർക്ക് മറുപടിയുമായി ലയ

തിരുവനന്തപുരം : ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പി.എസ്.സി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികളിൽ രണ്ടു പേർ ദേഹത്ത് മണ്ണണ്ണയൊഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. എന്നാൽ സമരത്തിനിടെ പൊട്ടിക്കരയുന്ന പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സമരത്തിനെത്തിയ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡറായ തൃശൂർ സ്വദേശിനി ലയ രാജേഷ് സമരവേദിയിൽ സംസാരിച്ച ശേഷം മാറി നിന്ന് പൊട്ടിക്കരയുന്ന ചിത്രം കേരളമനസൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സംസ്ഥാനം എത്തി നിൽക്കുന്നതിനാൽ ഈ ചിത്രം കൂടുതലായി പ്രചരിപ്പിച്ചു. കേരള യുവതയുടെ കണ്ണീർ എന്ന തലക്കെട്ടിലാണ് ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഈ കരച്ചിൽ മാദ്ധ്യമങ്ങളുടെ മുന്നിലെ ഷോ ആണെന്ന വ്യാഖ്യാനവുമായി ഒരു സംഘം സമൂഹ മാദ്ധ്യമങ്ങളിൽ രംഗത്തെത്തി.

എന്തുകൊണ്ടാണ് സമരപ്പന്തലിൽ പൊട്ടിക്കരഞ്ഞതെന്ന് വിശദീകരിക്കുകയാണ് ലയ ഇവിടെ. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിൽ കരഞ്ഞുപോയെന്ന് ലയാ രാജേഷ് വെളിപ്പെടുത്തുന്നു. സുഹൃത്തായ ഡെൻസി റിത്തുവിന്റെ ചുമലിൽ ചാരിയാണ് പൊട്ടിക്കരഞ്ഞത്. ഒരു സർക്കാർ ജോലി എന്ന പ്രതീക്ഷയിൽ രണ്ടര വർഷമായി ഈ റാങ്ക് ലിസ്റ്റിന്റെ പിന്നിലാണ് താൻ. സമരവേദിയിൽ രണ്ട് പേർ ആത്മഹത്യാ ശ്രമം നടത്തുകയും അതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തപ്പോൾ സ്വയം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോവുകയായിരുന്നു. സങ്കടവും ദേഷ്യവും നിരാശയുമായിരുന്നു അപ്പോൾ മനസിൽ, തന്റെ ചിത്രങ്ങൾ മാദ്ധ്യമ ഫോട്ടോഗ്രാഫർമാർ പകർത്തുന്നത് അപ്പോൾ ഓർത്തില്ല.

സമൂഹമാദ്ധ്യമങ്ങളിൽ തന്റെ കരച്ചിലിനെ നാടകമെന്ന് ആക്ഷേപിക്കുന്നവർക്കും ലയ മറുപടി നൽകുന്നു. മക്കളെപ്പോലും വിട്ട് ഇവിടെ വന്ന് അർഹതപ്പെട്ട ജോലിക്കായി ദിവസങ്ങളോളം സമരം ചെയ്യുന്നവരുടെ മാനസികനില അറിയാത്തവരാണ് തങ്ങളെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ വിരോധം തങ്ങൾക്കില്ലെന്നും, ആരു ഭരിച്ചാലും അർഹതപ്പെട്ടതു കിട്ടാതിരുന്നാൽ ഞങ്ങൾ സമരം ചെയ്യുമെന്നും ലയ വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവരും ഈ സമരത്തിനുണ്ട്.