ചമോലിയിലെ മഞ്ഞുമല ദുരന്തം; 10 മൃതദേഹങ്ങൾ കണ്ടെത്തി; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം. 10 മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. എന്‍ടിപിസിയുടെ തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി.

തപോവൻ–റെനി ജലവൈദ്യുത പദ്ധതിയിൽ ജോലി നോക്കിയിരുന്ന നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് കര, വ്യോമസേനകൾ രംഗത്തുണ്ട്. 2013 മാതൃകയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. 600 പേരടങ്ങുന്ന സേനയെയാണ് സൈന്യം നിയോഗിച്ചിരിക്കുന്നത്. ഇവർ വിവിധ പ്രളയബാധിത പ്രദേശത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.

രണ്ട് എംഐ–17, എഎൽഎച്ച് ധ്രുവ് എന്നിങ്ങനെ മൂന്ന് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി ഡെറാഡൂണിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ ഹെലികോപ്റ്ററുകൾ വിട്ടു നൽകുമെന്ന് വ്യോമസേന വാർത്ത ഏജൻസിയായ എഎൻഐയെ അറിയിച്ചു. ഇന്തോ– തിബറ്റൻ അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളപ്പൊക്കം കാരണം നാശനഷ്ടമുണ്ടായ തപോവൻ, റെനി പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്.

അതേസമയം മഞ്ഞുമല തകർന്നുണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർഥനയിലാണെന്നും അറിയിച്ചു.

അസം, ബംഗാൾ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. കരസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനു രംഗത്തെത്തി. വ്യോമസേനയുടെ എഎൻ32, സി130 വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഡെറാഡൂൺ വിമാനത്താവളം കേന്ദ്രീകരിച്ചാവും പ്രവർത്തനം.

‌ദുരന്തം നേരിടുന്നതിന് കേന്ദ്ര സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്തനിവാരണ സേനയെ കൂടാതെ അധികമായി നാലു സംഘത്തെക്കൂടി (200 പേർ) ഡെൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് അയച്ചതായി അമിത് ഷാ ട്വിറ്ററിൽ അറിയിച്ചു.

ദുരന്തനിവാരണ സംഘത്തെ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളും സൈനികസംഘവും ഉത്തരാഖണ്ഡ‍ിൽ എത്തിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. കരസേനാ ആസ്ഥാനം സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി.