കാർഷിക നിയമത്തിൽ ഒരു പിഴവു പോലുമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; നിയമം ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കൃഷിമന്ത്രി

ന്യൂഡെൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങളിൽ ഏതെങ്കിലും ഒന്നിൽ പോലും ഒരൊറ്റ പിഴവ് പോലുമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി. ഒരെണ്ണമെങ്കിലും ചൂണ്ടിക്കാട്ടാൻ സമരം ചെയ്യുന്ന കർഷകർക്കോ പ്രതിപക്ഷ പാർട്ടികൾക്കോ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്നുളളവർ മാത്രമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം വന്നതോടെ മറ്റുളളവർ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കർഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കർഷകർക്ക് ഭൂമി നഷ്‌ടപ്പെടുമെന്ന് പറയുന്ന ഒരു വ്യവസ്ഥയെങ്കിലും ഈ നിയമങ്ങളിൽ കാണിച്ചുതരാൻ കഴിയുമോയെന്നും തോമർ ചോദിച്ചു.

നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനർത്ഥം ഇപ്പോഴുളള നിയമത്തിൽ പിഴവുണ്ടെന്നല്ല. കർഷകരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ട്രെയിൻ വഴി കൊണ്ടുപോകാനാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഇപ്പോൾ ശീതീകരണ സംവിധാനമുളള നൂറു കിസാൻ റെയിൽ ട്രെയിനുകളാണ് തുടങ്ങിയിരിക്കുന്നത്.

കാർഷിക വിളകൾക്ക് മെച്ചപ്പെട്ട വില കിട്ടാൻ കിസാൻ റെയിൽ സഹായകരമാവുന്നുവെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഉത്പാദന ചെലവിനേക്കാൾ അമ്പത് ശതമാനം കൂടുതൽ താങ്ങുവില നൽകാനുളള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ആത്മനിർഭർ പാക്കേജിൽ ഒരു ലക്ഷം കോടി രൂപയാണ് കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവച്ചിട്ടുളളത്.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും ജി ഡി പിയിൽ കാർഷികമേഖലയുടെ വിഹിതം കൂട്ടുകയുമാണ് ലക്ഷ്യമാക്കുന്നത്. ഇതിലേക്കുളള സുപ്രധാന ചുവടുവയ്‌പാണ് കാർഷിക നിയമങ്ങളെന്നും മന്ത്രി പറഞ്ഞു.