പാറ്റ്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുവിനും സുഹൃത്തിനും നേരെ അജ്ഞാത സംഘം വെടിയുതിർത്തു. ബിഹാറിലെ സഹസ്ര ജില്ലയിലാണ് സംഭവം. സുശാന്തിന്റെ ബന്ധു രാജ്കുമാർ സിംഗ്, സുഹൃത്ത് അലി ഹസൻ എന്നിവർക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മൂന്നംഗ സംഘം ഇവർക്ക് നേരെ വെടിയുതിർത്തത്.
രാജ്കുമാർ സിംഗിന്റെ പരിക്ക് ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തിയ ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇരുവരും.
അക്രമികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ് പി ലിപി സിംഗ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.