ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 400 പോയിന്റ് നേട്ടത്തോടെയാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി വീണ്ടും 13,700 പോയിന്റിലേക്ക് കയറി.
ഇൻഡസ്ലാൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഐസിഐസിഐയുടെ വില അഞ്ച് ശതമാനത്തോളമാണ് ഉയർന്നത്. ഡോ. റെഡ്ഡീസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസ് തുടങ്ങിയ കമ്പനികളാണ് നഷ്ടം രേഖപ്പെടുത്തിയത്.
നിഫ്റ്റിയിൽ സ്വകാര്യ ബാങ്കുകളുടെ ഇൻഡക്സ് രണ്ട് ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടം രേഖപ്പെടുത്തിയ വിപണി ബജറ്റ് ദിനത്തിലാണ് നേട്ടത്തിലേക്ക് തിരിച്ചെത്തുന്നത്. കൊറോണ മൂലം പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്ന പ്രതീക്ഷയാണ് വിപണിയേയും സ്വാധീനിക്കുന്നത്.