ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 % ആക്കി; എല്‍ഐസിയിൽ 25 ശതമാനം ഓഹരി വിൽക്കും

ന്യൂഡെൽഹി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ. ഇതിന്റെ ഭാഗമായി നിർണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ നടത്തിയത്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. നിലവിലെ പരിധി 49 ശതമാനമാണ്.

2021-22 ൽ തന്നെ എൽഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനിൽ തന്നെ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

ഐപിഒയുമായി എൽഐസി മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനം വരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ.