സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷം; കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 15 വർഷം; രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനും ഇന്ത്യയിൽ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം. യൂണിയന്‍ ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗത്തിനുള്ള കാലാവധി. വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് പരമാവധി കാലാവധിയെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി വ്യക്തമാക്കി.

ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയാൻ സ്ക്രാപ്പിംഗ് പോളിസിയും ബജറ്റ് പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.

പഴക്കം ചെന്നതും പ്രവർത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങൾ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയുമാണ് സ്ക്രാപ്പിങ്ങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങൾ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ സ്ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രിൽ ഒന്നിന് 15 വർഷം പഴക്കമെത്തിയ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ നിർദേശം ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.

വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിർദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. സ്ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് 65000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.

രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം, ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും, നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും, ജമ്മു കശ്മീന് വാതക പൈപ്പ് ലൈൻ പദ്ധതി, സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം, ഇൻഷ്വറൻസ് മേഖലയിൽ വിദേശ നിക്ഷേപം തുടങ്ങിയവയാണ് മറ്റ് സുപ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍.