കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. നെഞ്ചുവേദനയെത്തുടർന്ന് താരത്തെ മൂന്നു ദിവസം മുൻപാണ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
48-കാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. പുതിയ രണ്ട് സ്റ്റെന്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് താരത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സൗരവ് ഗാംഗുലി ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. അസുഖത്തിൽ നിന്നും അദ്ദേഹം വളരെ പെട്ടന്ന് മുക്തനായി. അടുത്ത രണ്ടുദിവസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ താരത്തിന് കഴിയുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.