ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; രണ്ടുപേർ ഇറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഇറാൻ സംഘടനകളിലേക്ക് അന്വേഷണം

ന്യൂഡെൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ഇന്നലെ വൈകീട്ട് ഉണ്ടായ സ്ഫോടനത്തിൽ ഇറാൻ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു. സ്‌ഫോടന സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തിലാണ് ഇറാൻ ബന്ധം സംശയിക്കുന്ന രേഖകൾ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. സ്ഫോടനം ട്രെയിലർ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് കണ്ടെത്തിയത്.

ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും കത്തിലുളളതായാണ് സൂചന. കവർ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 12 അടി അകലെയാണ് കിടന്നിരുന്നത്. വിരലടയാളങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
അന്താരാഷ്ട്ര ഗൂഢാലോചനയുടെ ലക്ഷണങ്ങൾ വർദ്ധിച്ചതോടെ അന്വേഷണം എൻഐഎയുടെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.

ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർ സ്ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡെൽഹി പോലീസ് കൈമാറിയിട്ടുണ്ട്. സ്ഫോടക വസ്തു നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫോറൻസിക് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. സമീപപ്രദേശത്തുളള സിസിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കുകയാണ്.
വൈകീട്ട് അഞ്ചിന് നഗരഹൃദയത്തിലുള്ള എംബസിക്ക് സമീപത്തെ എപിജെ അബ്ദുൾ കലാം റോഡിലായിരുന്നു സ്ഫോടനം. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു.

ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 29-ാം വാർഷിക ദിനമായിരുന്നു ഇന്നലെ. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ ബീറ്റിങ് റിട്രീറ്റും വെള്ളിയാഴ്ച വൈകീട്ടാണ് അരങ്ങേറിയത്. ഇതിന്റെ ഭാഗമായി നഗരം കനത്ത സുരക്ഷയിലായിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം. 2012-ൽ ഇസ്രായേൽ എംബസിയുടെ വാഹനത്തിൽ ബോംബുവെച്ച് ആക്രമണം നടത്താൻ ശ്രമമുണ്ടായിരുന്നു.