ന്യൂഡെൽഹി: റിപബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങൾക്കിടെ പഞ്ചാബിൽ നിന്നുള്ള 100 കർഷകരെ കാണാതായതായി സന്നദ്ധ സംഘടന. പഞ്ചാബ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷനാണ് റിപബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനെത്തിയ 100ലധികം പ്രതിഷേധക്കാരെ കാണാതായതായി വ്യക്തമാക്കിയത്.
ട്രാക്ടർ പരേഡിനിടെ കാണാതായ കർഷകരുടെ പട്ടിക ലഭിച്ചതായും അവ പരിശോധിച്ച് വരികയാണെന്നും ഭാരതീയ കിസാൻ യൂനിയൻ (രാജേവാൾ) അധ്യക്ഷൻ ബൽബീർ സിങ് രാജേവാൾ പറഞ്ഞു.
മോഗയിലെ ടതരിവാല ഗ്രാമത്തിൽ നിന്ന് മാത്രം 12 കർഷകരെ കാണാതായതാണ് റിപ്പോർട്ട്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷനെ കൂടാതെ ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി, ഖൽറ മിഷൻ, പന്തി തൽമേൽ സൻഗതാൻ എന്നീ സംഘടനകളും സംഭവങ്ങൾക്കിടെ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാർക്ക് സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്തു.
ചെങ്കോട്ടയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 18 പേരെയാണ് ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 18ൽ ഏഴ് പേരും പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബൻഗി നിഹാൽ സിങ് ഗ്രാമത്തിൽ നിന്നുള്ളവരാണ്.