തൃണമുൽ കോൺഗ്രസ് നേതാവ് രാജീബ് ബാനർജി എംഎൽഎ സ്ഥാനവും രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന

കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് മുതിർന്ന നേതാവ് രാജീബ് ബാനർജി എംഎൽഎ സ്ഥാനവും രാജിവച്ചു. മമത മന്ത്രിസഭയിൽ നിന്ന് രാജി വെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എംഎൽഎ സ്ഥാനവും രാജിബ് ഒഴിയുന്നത്. വനംവകുപ്പ് മന്ത്രിയായിരുന്ന രാജിബിന്റെ രാജി ബിജെപിയിൽ ചേരുന്നതിന്റെ മുന്നൊരുക്കമാണെന്ന് നേരത്തെ അഭ്യൂഹം ഉയർത്തിയിരുന്നു.

നിയമസഭയിലെത്തി സഭാധ്യക്ഷൻ ബിമൻ ബാനർജിയ്ക്ക് രാജീബ് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിക്കത്ത് സ്പീക്കറിന് കൈമാറിയതായും ജനങ്ങളെ സേവിക്കാൻ പാർട്ടിയധ്യക്ഷ മമത നൽകിയ അവസരത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും രാജീബ് അറിയിച്ചു.

തന്റെ മണ്ഡലമായ ദോംജുറിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത്ഷായുടെ കൊൽക്കത്ത സന്ദർശനത്തിന് തൊട്ടു മുമ്പുള്ള രാജീബിന്റെ രാജി ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള പ്രചരണങ്ങൾക്ക് വീണ്ടും ആക്കം കൂട്ടി.

ചില തൃണമുൽ നേതാക്കൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രാജീബ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പ് ആരോപിച്ചിരുന്നു. ഒരു മാസത്തിനിടെ മമത മന്ത്രിസഭയിൽ നിന്ന് രാജി വെക്കുന്ന മൂന്നാമത്തെയാളാണ് രാജീബ്.