ന്യൂഡെൽഹി: ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരിൽ ശശി തരൂർ എംപി ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. രാജ്യദ്രോഹം ഉൾപ്പെടെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തരൂരിന് പുറമെ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി (ഇന്ത്യാടുഡേ), വിനോദ് കെ. ജോസ് (കാരവൻ), മൃണാൾ പാണ്ഡെ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെയും വാർത്തകളുടെയും പേരിലാണ് കേസ്. നോയിഡ സെക്ടർ -20 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർപിത് മിശ്ര എന്നയാളാണ് പരാതിക്കാരൻ.
നാഷനൽ ഹെറാൾഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് സഫർ ആഗ, കാരവൻ എഡിറ്റർ അനന്ത് നാഥ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.