ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് വർധിപ്പിക്കാൻ മൂന്നു റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഇസ്ത്രസ് വ്യോമ കേന്ദ്രത്തിൽ നിന്ന് ദീർഘദൂരം നേരിട്ട് പറന്നാണ് മൂന്നാം ബാച്ച് വിമാനങ്ങൾ എത്തിയത്. യാത്രക്കിടെ വിമാനങ്ങൾക്ക് യു.എ.ഇ വ്യോമസേനയാണ് ഇന്ധനം നിറക്കാൻ സൗകര്യം ഏർപ്പെടുത്തിയത്.
ഇതോടെ രാജ്യത്തെത്തിയ റഫാൽ വിമാനങ്ങളുടെ എണ്ണം 11 ആയി. 2020 സെപ്റ്റംബർ 10നാണ് ആദ്യ ബാച്ചിൽ അഞ്ചും നവംബർ അഞ്ചിന് രണ്ടാം ബാച്ചിൽ മൂന്നും റഫാൽ വിമാനങ്ങൾ എത്തിയിരുന്നു. 59,000 കോടി രൂപക്ക് 36 യുദ്ധവിമാനങ്ങളാണ് കരാർ പ്രകാരം ഫ്രാൻസ് ഇന്ത്യക്ക് കൈമാറേണ്ടത്.
2023ലോടെ മുഴുവൻ വിമാനങ്ങളും രാജ്യത്തെത്തും. റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ.
ഫ്രഞ്ച് വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിന്റെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ അടക്കം രാജ്യങ്ങൾ പൊതുവിൽ നേരിടുന്ന ഭീഷണി ചെറുക്കാൻ തയാറാക്കിയ മിസൈലാണ് മിറ്റിയോർ.