ന്യൂഡെൽഹി: കർഷക സമരത്തിൽ നിന്നും ഒരു സംഘടന പിൻമാറി. വിഎം സിംഗിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയാണ് പിൻമാറിയത്. സിംഘു അതിർത്തിയിൽ പ്രത്യേകം സമരം നടത്തി വന്ന സംഘടനയാണിത്. കഴിഞ്ഞ ദിവസം ഡെൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഇവരും പങ്കെടുത്തിരുന്നു.
റാലിയ്ക്കിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പിൻമാറ്റമെന്ന് വിഎം സിംഗ് അറിയിച്ചു. അതേ സമയം സമരത്തിൽ നിന്ന് ഇവരെ നേരത്തെ മാറ്റി നിർത്തിയിരുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു. തുടക്കം മുതൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടായിരുന്നു ഈ സംഘടനക്കെന്നും ചർച്ചകൾക്കിടെ കേന്ദ്ര അനുകൂല നിലപാടുകളായിരുന്നു ഇവർ പലപ്പോഴും സ്വീകരിച്ചിരുന്നതെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
കര്‍ഷക റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ പ്രവേശിച്ച കര്‍ഷകര്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അധികൃതർ കുറ്റപെടുത്തുന്നു. സുരക്ഷാ സ്‌കാനറുകളും ടിക്കറ്റ് കൗണ്ടറുകളും സിഐഎസ്‌എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ചെങ്കോട്ടയ്ക്കുള്ളില്‍ മാത്രം ഉണ്ടായത്. അക്രംസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡെല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡെല്‍ഹി പോലീസ് കേസെടുത്തു. യോഗേന്ദ്ര യാദവ്, ദര്‍ശന്‍ പാല്‍, രാകേഷ് ടിക്കായത്ത് എന്നിവര്‍ക്കെതിരെയും ഡെല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.
കലാപമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുന്നൂറോളം പ്രതിഷേധക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 22 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.