കർഷക പ്രതിഷേധത്തിൽ ട്രെയിൻ യാത്ര മുടങ്ങിയവർക്ക് പണം തിരികെ നൽകാൻ റെയിൽവേ

ന്യൂ​ഡെൽ​ഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ ഡെൽ​ഹിയിലെ കർഷക പ്രതിഷേധം കാരണം യാത്ര മുടങ്ങുകയും ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവെ.ന്യൂ ഡെൽ​ഹി, ഓൾഡ് ഡെൽ​ഹി, നിസാമുദ്ദീൻ, അനന്ദ് വിഹാർ, സഫ്ദർജം​ഗ്, സറായ് റോഹില്ല, എന്നീ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം.

ട്രാക്ടർ റാലി കാരണം സ്റ്റേഷനിലെത്താൻ കഴിയാത്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കാൻ അപേക്ഷിക്കാമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ 40 കർഷക സംഘടനകളാണ് ഡെൽ​ഹിയിലും അതിർത്തി പ്രദേശങ്ങളിലുമായി പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു. ചെങ്കോട്ടയിൽ വീണ്ടും കടന്നുകയറിയ കർഷകർ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തിൽ കർഷക സംഘടനകളുടെയും മറ്റും കൊടികൾ സ്ഥാപിച്ചു. ദില്ലിയിൽ ഇന്ന് ഉച്ച മുതൽ 12 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്.