കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങുന്നു; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.

അർദ്ധസൈനിക വിഭാഗങ്ങളോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ രംഗത്തിറങ്ങേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു. സംഘർഷത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ദേശീയ തലസ്ഥാനത്തേയും സമീപ പ്രദേശങ്ങളിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. കർഷകരുടെ സമരഭൂമിയായ സിംഘുവടക്കമുള്ള വിവിധ അതിർത്തികളിലും ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.

സംഘർഷഭരിതമായ മണിക്കൂറുകൾക്ക് ശേഷം കർഷകർ സിംഘു അതിർത്തിയിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ തമ്പടിച്ചിരിക്കുകയാണ് കർഷകർ. ചെങ്കോട്ട, സിവിൽ ലൈൻസ്, മഞ്ജു തി ല, ബുറാഡി മേൽപ്പാലം എന്നിവിടങ്ങളിൽ നിന്നാണ് കർഷകർ സിംഘുവിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച റൂട്ടിൽ നിന്ന് ഒരുവിഭാഗം കർഷകർ വ്യതിചലിച്ചുകൊണ്ട് നടത്തിയ പരേഡ് അക്രമാസക്തമായിരുന്നു. വിവിധ ഇടങ്ങളിൽ പോലീസുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ചെങ്കോട്ട വളഞ്ഞ കർഷകർ അവിടെ തങ്ങളുടെ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.

പരേഡിനിടെ ഉണ്ടായ സംഘർഷങ്ങളെ പ്രതിഷേധം നടത്തുന്ന കർഷക സംഘടനകൾ അപലപിച്ചു. ചിലർ പ്രതിഷേധത്തിൽ നുഴഞ്ഞുകയറി മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചെന്ന് കർഷക സംഘടനകൾ ആരോപിച്ചു. കർഷകരോട് സിംഘു അതിർത്തിയിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്.