ന്യൂഡെൽഹി: വാക്സിനെടുത്തത്തിന് പിന്നാലെ മദ്യപാനവും പുകവലിയും തുടരുന്നത് ദോഷകരമാകാമെന്ന്
വിദഗ്ധർ. നീണ്ട പോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ വാക്സിന് ലഭ്യമായപ്പോൾ വാക്സിനെടുത്താൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകൾ അധികവും.
വാക്സിനെടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ മദ്യപിക്കാമോ എന്നതാണ് ഏറെ ചർച്ചാവിഷയം. വാക്സിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയോ, ശാരീരികമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുകയോ ചെയ്യുമോയെന്ന തരത്തിലുള്ള ആശങ്കകളാണ് അധികപേരും പങ്കുവയ്ക്കുന്നത്.
വാക്സിനെടുത്ത് അടുത്ത ദിവസങ്ങളില്‍ തന്നെ മദ്യപിക്കുന്നത് രോഗപ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്ന പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിക്കുന്നത്. യുകെ, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
മദ്യപിക്കുമ്പോള്‍ അത് വയറ്റിനകത്തുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടത്തിന്റെ (മൈക്രോബയോം) സന്തുലിതാവസ്ഥ തകര്‍ക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയേയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ അമിത മദ്യപാനം തീര്‍ത്തും അപകടകരമായേക്കാമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
അതിനാല്‍ വാക്സിനെടുത്ത ശേഷം അടുത്ത ദിവസങ്ങളിലെങ്കിലും മദ്യപാനത്തില്‍ നിന്നും പുകവലിയില്‍ നിന്നും അകന്നുനില്ക്കുന്നത് തന്നെയാണ് ഉചിതമെന്നാണ്
ആരോഗ്യമേഖലയിലെ വിദഗ്ധർ അറിയിക്കുന്നത്. നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ആരോഗ്യപരമായ ഡയറ്റ് പിന്തുടരുക എന്നിവയെല്ലാം വാക്സിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട രണ്ട് വാക്സിനുകളുടെയും കൂടെ ലഭ്യമാകുന്ന വിവരണത്തില്‍ മദ്യത്തെ കുറിച്ച് പരാമര്ശമില്ലെന്നതിൻ്റെ കാരണം ദുരൂഹമാണ്. അതേസമയം റഷ്യയില്‍ വാക്സിനെടുത്തവര്‍ അടുത്ത 45 ദിവസത്തേക്ക് മദ്യപിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.