കാട്ടാനയെ റിസോർട്ടുകാർ തീ കൊളുത്തിയതിന് കാരണം വസ്തുവകകൾ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി

മസിനഗുഡി: കാട്ടാനയെ റിസോർട്ടുകാർ തമിഴ്നാട്ടിലെ മസിനഗുഡിയിൽ തീ കൊളുത്തിയതിന് കാരണം വസ്തുവകകൾ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി. അറസ്റ്റിലായ രണ്ടു പേരെ റിമാൻഡ് ചെയ്തു. ആനയുടെ ശരീരത്തിൽ നേരത്തെ കണ്ട മറ്റു മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും വനം വകുപ്പ് അന്വേഷണം തുടങ്ങി.

പെട്രോൾ ഒഴിച്ച് കത്തിച്ച തുണി ആനയുടെ തലക്ക് നേരെ എറിയുന്നതും കൊമ്പൻ പ്രണവേദനയോടെ ഓടുന്നതും മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. റിസോർട്ട് ജീവനക്കാരന്റെ കാർ ഒരിക്കൽ ആന ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് റിസോർട്ടിനു സമീപമെത്തിയ ആന നാശവും വരുത്തി.

ആന വീണ്ടും എത്തിയപ്പോൾ തീ പന്തവുമായി ഒരാൾ ഓടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പതുക്കെ പിന്നോട്ട് പോകുന്ന ആനയുടെ തലയിലേക്ക് മറ്റൊരാൾ തീ കൊളുത്തിയ തുണി എറിയുകയായിരുന്നു. അറസ്റ്റിലായ റിസോർട്ട് നടത്തിപ്പുകാരായ റെയ്മണ്ട ഡീൻ, പ്രശാന്ത് എന്നിവരെ റിമാൻഡ് ചെയ്തു.

റിക്കി റയാൻ എന്നയാൾ പിടിയിലാകാനുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. രണ്ടു മാസം മുമ്പ് ആനയുടെ പിൻഭാഗത്തു ഗുരുതരമായ പരുക്ക് വനം വകുപ്പ് കണ്ടെത്തിയിരുന്നു. മയക്കു വെടി വെച്ചതിനു ശേഷം ഇതിന് ചികിത്സയും നൽകിയിരുന്നു. ഇതും ആരെങ്കിലും ഉപദ്രവിച്ചതാണോ എന്നറിയാൻ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

ചികിത്സയിലായിരുന്ന ആന കഴിഞ്ഞ ബുധനാഴ്ചയാണ് ചരിഞ്ഞത്. ഇന്നലെയാണ് കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്താകുന്നതും പ്രതികൾ പിടിയിലായതും.