മഹാമാരിക്കെതിരേ ഇന്ത്യ കരുത്തോടെ പോരാടി; നേതാജി കണ്ടിരുന്നെങ്കിൽ അഭിമാനിച്ചേനെ: നരേന്ദ്രമോദി

കൊൽക്കത്ത: കൊറോണ മഹാമാരിക്കെതിരെയുളള പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നേതാജിയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുളള അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.

മഹാമാരിക്കെതിരേ ഇന്ത്യ കരുത്തോടെ പോരാടിയതും മഹാമാരിയെ പ്രതിരോധിക്കാനുളള വാക്സിൻ സ്വയം ഉല്പാദിപ്പിക്കുന്നതും കൊറോണയോട്‌ പോരാടാൻ മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമിത വാക്സിൻ എത്തിക്കുന്നതും നേതാജി കാണുകയാണെങ്കിൽ അഭിമാനം കൊളളുമായിരുന്നു.-പ്രധാനമന്ത്രി പറഞ്ഞു

നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കൽ വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ(എൽഎസി) മുതൽ ലൈൻ ഓഫ് കൺട്രോൾ വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ എവിടെയൊക്ക ഉണ്ടാവുന്നുണ്ടോ, അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നൽകുന്നുണ്ടെന്ന് മോദി പറഞ്ഞു.

ഹൗറ-കൽക മെയിൽ തീവണ്ടി നേതാജി എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.