100 കോടി രൂപ പ്രതിഫലം നേടിയ ആദ്യവിദേശ താരം; ഇന്ത്യക്കാരുടെ സ്വന്തം എ ബിഡിക്ക്​ മറ്റൊരു റെക്കോർഡ്​

ബംഗളൂരു: ഇന്ത്യക്കാരുടെ സ്വന്തം എ ബിഡിക്ക്​ മറ്റൊരു റെക്കോർഡ്​ കൂടി. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ എ ബി ഡിവില്ലിയേഴ്​സിനെ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ഇത്തവണയും കോടികൾ എറിഞ്ഞ്​ നിലനിർത്തിയതോടെ പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഗ്ലാമർ താരം ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്​.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗി​‍ൻ്റെ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശ താരം എന്ന റെക്കോഡാണ്​ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്​.

2021 സീസണില്‍ ബാംഗ്ലൂർ താരത്തെ 11 കോടി മുടക്കി നിലനിര്‍ത്തിയതോടെയാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം കൈവരിച്ചത്. ഈ സീസണില്‍ 11 കോടി രൂപ ലഭിക്കുന്നതോടെ താരത്തി​‍ൻ്റെ ആകെ ഐപിഎല്‍ സമ്പാദ്യം 102 കോടി രൂപയിൽ അധികമായി.2008ൽ ഡല്‍ഹി ഡെയര്‍ ഡെവിള്‍സി​‍ൻ്റെ താരമായാണ്​ എബിഡി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്​ എത്തുന്നത്​. മൂന്നു​ സീസണിൽ ഡൽഹിക്കായി ബാറ്റേന്തി. പിന്നീട്​ 2011ലാണ്​ ആർസിബി​ എബിഡിയെ സ്വന്തമാക്കുന്നത്​.

2018 മേയില്‍ അന്താരാഷ്​ട്ര മത്സരങ്ങളില്‍നിന്ന്​ വിരമിച്ചെങ്കിലും താരം ലീഗ് മത്സരങ്ങളില്‍ സജീവമാണ്. അവസാന സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി 454 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ ഇതുവരെ 169 മത്സരങ്ങളില്‍ നിന്നായി 4849 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്​ലി, രോഹിത് ശര്‍മ, എംഎസ് ധോണി, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.