വിട്ടുവീഴ്ചയില്ലാതെ വഴങ്ങാതെ കേന്ദ്രസർക്കാർ; നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകരും; പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി കർഷകർക്ക് എന്തെങ്കിലും ഉപാധികളുണ്ടെങ്കിൽ അറിയിക്കാൻ സംഘടനകളോട് കേന്ദ്രം ആവശ്യപ്പെട്ടു. താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ട് വരണമെന്ന ആവശ്യം കർഷക സംഘടനകൾ ഇന്നത്തെ യോഗത്തിൽ ഉന്നയിച്ചു.

കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. സമരം നിര്‍ത്തിയാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിര്‍ത്തി വയ്ക്കാമെന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനം സ്വീകാര്യമല്ലെന്ന് ഇന്നലെ ചേർന്ന കർഷക സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി മാറ്റമില്ലെന്ന് കർഷകരും വ്യക്തമാക്കി. ചർച്ചയിലൂടെ സമരം പൊളിക്കാമെന്ന സർക്കാർ തന്ത്രം ഇതോടെ പാളി.

അതേസമയം കർഷക സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. കർഷക സമരത്തിന് ബഹുജന പിന്തുണ ഏറി വരുന്നതായി സംയുക്ത യോഗം വിലയിരുത്തി. റിപ്പബ്ലിക് ദിനത്തിൽ കർണാടകത്തിലും ട്രാക്ടർ റാലി നടത്തുമെന്ന് കർണാടക രാജ്യ റെയ്‌ത സംഘം അറിയിച്ചു. ബംഗളുരുവിൽ ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് സംഘടനയുടെ തീരുമാനം.

രാജ്യ റെയ്‌ത സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖറാണ് റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്. കാർഷിക നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിർദേശം കർഷക സംഘടനകൾ തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം.