ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷനിൽ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളം ഹർജി നൽകിയത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എഫ്സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളാണ് ജസ്റ്റിസ് പി സോമരാജൻ കഴിഞ്ഞ ദിവസം തള്ളിയത്.
യുഎഇ കോൺസുലേറ്റുമായി പദ്ധതിയ്ക്ക് ധാരണ പത്രം ഉണ്ടാക്കിയതിൽ തന്നെ ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയുണ്ടായെന്ന് മനസ്സിലാക്കുന്നു, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്. ലൈഫ് പദ്ധതി സർക്കാരിന്‍റെ നയപരമായ തീരുമാനമാണ്. പദ്ധതി നടപ്പാക്കുന്നതിന് ധാരണപത്രം ഉണ്ടാക്കിയത് അതീവ ബുദ്ധിപരമായാണ്.
അഴിമതിയ്ക്ക് പിന്നിലും ഉദ്യോഗസ്ഥരുടെ ബുദ്ധിപരമായ നീക്കമുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്നും കൈക്കൂലി ഇടപാട് നടന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോൺസുലേറ്റുമായുണ്ടാക്കിയ കരാറിൽ യൂണിടാക് അടക്കം എങ്ങനെ കടന്ന് കൂടി എന്നതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
പദ്ധതി നടപ്പാക്കാൻ സർക്കാർ മുന്നോട്ട് വരുമ്പോൾ അതിൽ നിയമ പ്രശനങ്ങൾ ഉണ്ടെങ്കിലോ, വ്യക്തപരമായി ആരെങ്കിലും ലാഭം ഉണ്ടാക്കിയിട്ടുണ്ടെങ്കിലോ ഉദ്യോഗസ്ഥർ ഇക്കാര്യം രേഖാമൂലം അറിയിക്കണം. എങ്കിൽ മാത്രമാകും സർക്കാരിന് മേൽ കുറ്റം ആരോപിക്കാനാകുക. ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന അഴിമതിയുടെ ബാധ്യത നയപരമായ തീരുമാനെമടുത്ത മുഖ്യമന്ത്രിയുടെ മേലോ മറ്റ് മന്ത്രിമാർക്കോ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.