ബെംഗളൂരു: ശാരീരിക അവശതകളെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വി കെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ഓക്സിജന്‍ നല്‍കിവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണ്. പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ഇന്നലെ ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും അമിത രക്തസമ്മര്‍ദവും ഉണ്ട്.
ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു.