അന്തർവാഹിനി ദുരന്തങ്ങൾക്കും സഹായങ്ങൾക്കുമായി ഇന്ത്യയുമായി സിംഗപ്പൂർ കരാർ ഒപ്പിട്ടു

സിംഗപ്പൂർ: അന്തർവാഹിനികളുമായി ബന്ധപ്പെട്ട എല്ലാ ദുരന്തങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി ഇന്ത്യയുമായി സിംഗപ്പൂർ നാവികസേന അടിയന്തര സഹായ കരാർ ഒപ്പിട്ടു. പ്രതിരോധ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമുദ്രമേഖലയിലെ ദുരന്ത സമയങ്ങളിൽ സഹായം ലഭ്യമാക്കുക. ഇരുരാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് നാവികസേനാ ഉന്നത തല സംഘം കരാർ ഒപ്പിട്ടത്. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിമാർ ചടങ്ങിൽ സംബന്ധിച്ചത്.

ആഴക്കടലിൽ നാവികസേനകളുടെ ഭാഗമായി നീങ്ങുന്ന അന്തർവാഹിനികൾക്ക് രക്ഷാപ്രവർത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഇന്ത്യൻ നാവികസേനയുടെ ക്ഷമത ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. ആഴക്കടലിൽ തകരാറിലായാൽ കടലിന്റെ ഉപരിതലത്തിലേക്ക് അന്തർവാഹിനിയെ എത്തിക്കാൻ ഡീപ് സബ്മറൈൻ റെസ്‌ക്യൂ വെഹിക്കിൾ എന്ന പേരിലുള്ള സംവിധാനം ഇന്ത്യയ്ക്കുണ്ട്.

2018ൽ അമേരിക്കയിൽ നിന്നാണ് ഇന്ത്യ അത്തരത്തിലുള്ള രണ്ട് കപ്പലുകൾ സ്വന്തമാക്കിയത്. പൂർണ്ണമായും റോബോട്ടിക് സംവിധാനത്തിലാണ് വാഹനം പ്രവർത്തിക്കുക. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏതു തരം അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ പാകത്തിനാണ് ഇന്ത്യൻ നാവികസേന സിഎസ്ആർവി കപ്പലുകളെ സജ്ജമാക്കിയിട്ടുള്ളത്.