സൂറത്തിൽ ഫുട്പാത്തിൽ ഉറങ്ങിയ തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 മരണം

അഹമ്മദാബാദ് : സൂറത്തിൽ വഴിയരികിൽ കിടന്നുറങ്ങിയ തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർ മരിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ 12 പേർ മരിച്ചു. 3 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ആറു പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സൂറത്തിലെ കിം മാണ്ഡ്‍വി ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബൻസ്‍വാര സ്വദേശികളാണ്.

കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേയ്ക്ക്‌ വണ്ടി പാഞ്ഞുകയറുകയായിരുന്നു.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഇപ്പോള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകാമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.