കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ കൂടുതൽ ഇളവുകൾ നൽകി ബിഎസ്എൻഎൽ

തൃശ്ശൂർ: കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിലെ ഇളവുകൾ വീണ്ടും വർധിപ്പിച്ച് ബിഎസ്എൻഎൽ. നിൽവിൽ നൽകി വരുന്ന ഇളവ്അഞ്ചിൽ നിന്ന് 10 ശതമാനമാക്കിയാണ് ഉയർത്തിയത്. ഫെബ്രുവരി ഒന്നിന് ഇവ പ്രാബല്യത്തിൽ വരും.

ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബിഎസ്എൻഎല്ലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്.

2008-ലാണ് ആദ്യമായി ജീവനക്കാർക്ക് ബില്ലിൽ ഇളവ് ബിഎസ്എൻഎൽ. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ൽ ഇത് 10 ശതമാനത്തിലേക്കും 2015-ൽ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.