അമിത് ഷായ്ക്കെതിരേ കർണാടകയിൽ കർഷകരുടെ പ്രതിഷേധം; പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കർണാടകയിൽ കർഷകരുടെ പ്രതിഷേധം. ബെലഗാവിയിൽ സ്വാകര്യ കമ്പനിയുടെ തറക്കല്ലിടൽ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഒരുകൂട്ടം കർഷകർ അമിത് ഷായ്ക്കെതിരേ പ്രതിഷേധം ഉയർത്തിയത്.

അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ തന്നെ നിരവധി കർഷകർ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധർണ നടത്തിയിരുന്നു. മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടൽ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് കൂട്ടമായെത്തിയാണ് കർഷകർ പ്രതിഷേധിച്ചത്.

അമിത് ഷായെ കർഷക വിരോധി എന്നാണ് പ്രതിഷേധക്കാർ അഭിസംബോധന ചെയ്തത്. കർഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുകയെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടുതൽ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.

കർഷകർക്ക് വേണ്ടിയാണ് ബില്ലുകൾ പാർലമെന്റ് പാസാക്കിയതെന്നും കർഷകരുടെ വരുമാനം വർധിക്കുന്നത് സമീപ ഭാവിയിൽ കാണാനാകുമെന്നും ചടങ്ങിൽ പങ്കെടുത്ത് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് മറ്റൊരു ചടങ്ങിലും ഷാ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കർണാടകയിലെത്തിയത്.