തിരുവനന്തപുരം: ജനമൈത്രി സുരക്ഷാപദ്ധതിയുടെ മൊബൈല്‍ ബീറ്റ് (എം ബീറ്റ്) വഴിയുള്ള വിവരശേഖരണത്തിനു പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു പോലീസ്. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി തീവ്രവാദം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വേഗം കണ്ടെത്തുന്നതിനു വിവരശേഖരണം സഹായിക്കും. കേരളാ പോലീസ് ആക്ടിലെ 64, 65 വകുപ്പു പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാപദ്ധതി.
പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക- സാന്പത്തിക- വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ മനസിലാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ചു ക്രമസമാധാന പാലനം അടക്കമുള്ളവക്കായാണ് ഉപയോഗിക്കുക.ജനങ്ങളില്‍ നിന്നു നിര്‍ബന്ധപൂര്‍വ്വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കില്ലെന്നു ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു.
പോലീസ് സ്റ്റേഷന് പരിധിയില്‍ നിശ്ചിത ശതമാനം വീടുകള്‍ അടങ്ങിയ പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥര്‍ തന്റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെ എങ്കിലും വ്യക്തിപരമായി അറിയാന്‍ ശ്രമിക്കും. ബീറ്റ് പ്രദേശത്തെ എല്ലാ റോഡും ഇടവഴികളും പോലും ബീറ്റ് ഓഫീസര്‍ക്ക് സുപരിചിതമായിരിക്കും.
ബീറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ വീടുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, ട്രൈബല്‍ കോളനികള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അവരുടെ പേര്, വിലാസം, തൊഴില്‍, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, വാഹനങ്ങളുടെ വിവരങ്ങള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പർ, സംസ്ഥാനത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ജോലിയുള്ളവരുടെ വിവരങ്ങള്‍ എന്നിവയാണ് ഡിജിറ്റലായി ശേഖരിക്കുന്നത്.