നാഗ്പുർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം 2024 മെയ് വരെ തുടർന്നുകൊണ്ടു പോകാൻ കർഷക സംഘടനകൾ തയ്യാറാണെന്ന് വ്യക്തമാക്കി ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്. കർഷകർ ഡെൽഹി അതിർത്തികളിൽ നടത്തിവരുന്ന പ്രക്ഷോഭം ആശയപരമായ വിപ്ലവമാണെന്നും നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ടിക്കായത്ത് പറഞ്ഞു.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം, താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ലഭിക്കണം എന്നിവയാണ് തങ്ങളുടെ ആവശ്യങ്ങൾ. കർഷകർ നടത്തുന്ന ആശയപരമായ വിപ്ലവം പരാജയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം എത്രകാലം തുടർന്നു കൊണ്ടുപോകുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് 2024 മെയ് വരെയെന്ന് ടിക്കായത്ത് മറുപടി നൽകിയത്.
2024 ഏപ്രിൽ – മെയ് മാസങ്ങളിൽ രാജ്യത്ത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബികെയു നേതാവ് ഇക്കാര്യം പറഞ്ഞത്. കർഷക പ്രക്ഷോഭത്തിന് ഊർജം പകരുന്നത് സമ്പന്ന കർഷകരാണെന്ന ആരോപണം അദ്ദേഹം തള്ളി. ഗ്രാമവാസികളായ കർഷകരും വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാൻ ഗ്രാമവാസികളായ കർഷകർ ആഗ്രഹിക്കുന്നില്ല.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന കടുത്ത നിലപാട് കേന്ദ്ര സർക്കാർ തുടർന്നാൽ സമരവും നീണ്ടുപോകും. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ദുർബലമാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ കർഷകർക്ക് ഇത്തരത്തിൽ പ്രക്ഷോഭം നടത്തേണ്ടിവന്നത്.
പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ കേസുകൾ നേരിടാനും ജയിലിൽ കിടക്കാനും വസ്തുവകകൾ കണ്ടുകെട്ടുന്ന സാഹചര്യം നേരിടാനും തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. കർഷക സമരത്തെ പിന്തുണയ്ക്കുന്ന പലർക്കും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നോട്ടീസ് നൽകിയകാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് രാകേഷ് ടിക്കായത്ത് ഇക്കാര്യം പറഞ്ഞത്.
അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഞായറാഴ്ചയും ആവർത്തിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതൊഴികെ മറ്റെന്ത് കാര്യവും കർഷകർക്ക് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാം. പുതിയ കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും കാർഷിക രംഗത്തെ വിദഗ്ധരും പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.
സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ നിലവിൽ കാർഷിക നിയമങ്ങൾ നടപ്പാക്കാനാവില്ല. ഈ സഹചര്യത്തിൽ ജനുവരി 19 ന് നടക്കുന്ന ചർച്ചയിൽ പുതിയ കാർഷിക നിയമങ്ങളിലെ ഓരോ വ്യവസ്ഥകളെയുംപറ്റി ചർച്ച നടത്താൻ കർഷകർ തയ്യാറാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെ മറ്റെന്തും കർഷക സംഘടനകൾക്ക് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാമെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.