വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡെൽഹി: വാട്സാാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്.

ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാം കക്ഷിക്കും ഫെയ്സ്ബുക്കിനും അതിന്റെ മറ്റ് കമ്പനികൾക്കുമായി ഏതെങ്കിലും ആവശ്യങ്ങൾക്കായി പങ്കിടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കേന്ദ്രസർക്കാർ മാർഗ നിർദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഏകപക്ഷീയമായാണ് വാട്സാപ്പ് പ്രൈവസി പോളിസി പരിഷ്കരിച്ചത്. അത് ഉപയോക്താക്കൾക്ക് നിർബന്ധിതമാക്കുകയും ചെയ്തു. പുതിയ പോളിസി സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നതാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്ഥകൾ പുതിയ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഈ രീതിയിലുള്ള ഏകപക്ഷീയമായ പെരുമാറ്റവും ഭീഷണിപ്പെടുത്തലും ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്കിടയിലെ ഒരു പ്രധാന ആശയവിനിമയ മാർഗമാണ് വാട്സാപ്പ് എന്നും വിവിധ സർക്കാർ സംവിധാനങ്ങളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹർജി.