അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി

ന്യൂഡെൽഹി: അതിർത്തിയിൽ ചൈനയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ എം.എം.നരവാനെ. അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസം അവർ നിലയുറപ്പിച്ചിരിക്കുന്ന ഹിമാലയൻ മലനിരകളേക്കാൾ വലു താണെന്നും അദ്ദേഹം പറഞ്ഞു. ഡെൽഹി കാന്റോൺമെന്റ് പരേഡ് മൈതാനത്ത് കരസേന ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ജനറൽ നരവാനെ.

ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പിന്മാറ്റത്തിൽ എടുത്ത തീരുമാനമനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാൽ ആ നീക്കത്തിന് വിരുദ്ധമായ ചൈനയുടെ നടപടികൾ ഇന്ത്യയുടെ സൈന്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും ആരും ഇനി അതിന് മുതിരില്ലെന്നാണ് കരുതുന്നതെന്നും നരവാനെ കൂട്ടിച്ചേർത്തു.

ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കരസേനാ മേധാവി എന്ന നിലയിൽ താൻ ഉറപ്പുപറയുന്നു. അതേസമയം ചൈനയ്ക്ക് അതിർത്തി ലംഘനത്തിന് ഇന്ത്യ നൽകിയത് ശക്തമായ മറുപടിയാണെന്നും നരവാനെ വ്യക്തമാക്കി.