ശ്രീനഗർ: കടുത്ത ശൈത്യത്തെ തുടർന്ന് കശ്മീരിലെ പ്രശസ്തമായ ദാൽ തടാകത്തിന്റെ ഭൂരിഭാവും തണുത്തുറഞ്ഞു. വ്യാഴാഴ്ച രാത്രി നെഗറ്റീവ് 8.4 ഡിഗ്രി സെൽഷ്യസ് ആണ് ശ്രീനഗറിൽ രേഖപ്പെടുത്തിയ താപനില. 30 വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
1995ൽ -8.3 ഡിഗ്രി സെൽഷ്യസും 1991ൽ -11.3 ഡിഗ്രി സെൽഷ്യസുമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കാശ്മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ കഴിഞ്ഞ രാത്രിയിലെ താപനില -11.7 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൈനസ് 11.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു.
ഗുൽമാർഗ് ടൂറിസ്റ്റ് റിസോർട്ടിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം രാത്രി -7 ഡിഗ്രി സെൽഷ്യസിൽ നിന്ന് -10 ഡിഗ്രി സെൽഷ്യസിലേക്കെത്തി. വടക്കൻ കശ്മീരിലെ കുപ്വാരയിൽ -6.7 ഡിഗ്രി സെൽഷ്യസും തെക്ക് കോക്കർനാഗിൽ -10.3 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.