ഭോപ്പാൽ: മഹാത്മാ ഗാന്ധിയുടെ ഘാതകരുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു മഹാസഭ ‘ഗോഡ്സെ ലൈബ്രറി’ സ്ഥാപിച്ചു. ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിലാണ് വായനശാലയുടെ പ്രവർത്തനം. ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ തൂക്കിലേറ്റിയ ദിനം ബലിദാൻ ദിനമായി ആചരിച്ചതിനും പിന്നാലെയാണ് ഹിന്ദു മഹാസഭ അദ്ദേഹത്തിന്റെ പേരിൽ പുതിയ ലൈബ്രറിയും തുറന്നത്.
ഗോഡ്സെയുടെയും അദ്ദേഹത്തിന് പ്രചോദനമേകിയ നേതാക്കളുടെയും ചിത്രങ്ങളിൽ മാലയിട്ടാണ് ഹിന്ദു മഹാസഭാ പ്രവർത്തകർ ഞായറാഴ്ച വായനശാല അനാവരണം ചെയ്തത്. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാർ, മദൻ മോഹൻ മാൾവ്യ ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളാണ് വായനശാലയിലുള്ളത്. ഗാന്ധി ഘാതകനായ നാരായൺ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
‘നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരുടെ ചിത്രങ്ങൾ മാത്രമല്ല, ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖർജി ഉൾപ്പെടെയുള്ള ഹിന്ദു ദേശീയ നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഇവ ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും ദേശീയതയുടെ ചൈതന്യം പകരും’ – ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് പറഞ്ഞു.
ഹിന്ദു നേതാക്കളുടെ ചിത്രങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. ഗോഡ്സെ, ആപ്തെ ഉൾപ്പെടെയുള്ള നേതാക്കളുടെ വിപ്ലവകരമായ ചിന്തകൾ യുവാക്കളെ ബോധവത്കരിക്കുന്നതിന് ഉതകുന്ന പുസ്തകങ്ങൾ വായനശാലയിൽ സൂക്ഷിക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി. ഗോഡ്സെയുടെയും ആപ്തെയുടെയും പ്രത്യയശാസ്ത്രത്തെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കാനും 1947ൽ രാജ്യ വിഭജനത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനശാലയിൽ പുസ്തകങ്ങളുടെ അനാവരണം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജൻമദിനമായ ജനുവരി 23ന് നടക്കും. അതേസമയം മഹാത്മാ ഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാതെ മധ്യപ്രദേശ് ബിജെപി സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.