കനത്ത മഞ്ഞുവീഴ്ച; കശ്മീരില്‍ അഞ്ചടി ഉയരത്തില്‍ മഞ്ഞ്: റോഡുകള്‍ അടച്ചു; ഇന്ധനത്തിന് റേഷന്‍

ശ്രീനഗർ: മൂന്ന് ദിവസമായി തുടരുന്ന വ്യാപകമായ കനത്ത മഞ്ഞുവീഴ്ചയിൽ കശ്മീർ താഴ് വരയിൽ പലയിടത്തും ഗതാഗതസംവിധാനം തടസ്സപ്പെടുകയും വൈദ്യുതിവിതരണം താറുമാറാവുകയും ചെയ്തു. കൂടാതെ പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഇന്ധനവിതരണത്തിൽ റേഷൻ ഏർപ്പെടുത്തുകയും ചെയ്തു.

വടക്കൻ കശ്മീർ താഴ് വരകളിൽ പന്തണ്ട് ഇഞ്ചോളം ഉയരത്തിലാണ് മഞ്ഞ്. തെക്കൻ കശ്മീരിൽ അഞ്ചടി ഉയരത്തിലാണ് ഇപ്പോൾ മഞ്ഞുമൂടിയിരിക്കുന്നത്.

വാഹനങ്ങൾക്കുള്ള ഇന്ധനം, പാചകത്തിനുള്ള ഇന്ധനം എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്ക് 3 ലിറ്റർ വരെയും സ്വകാര്യകാറുകൾക്ക് 10 ലിറ്ററും വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങൾക്ക് 20 ലിറ്റർ എന്നീ അളവുകളിൽ ഇന്ധനവിതരണം നിജപ്പെടുത്തി. പാചകവാതക സിലിണ്ടർ ലഭ്യതയ്ക്ക് 21 ദിവസത്തെ ഇടവേള നിർബന്ധമാക്കുകയും ചെയ്തു.

കാലാവസ്ഥാവകുപ്പ് നൽകിയ മുന്നറിയിപ്പിനേക്കാളുപരിയായുണ്ടായ കനത്ത മഞ്ഞുവീഴ്ച ജനജീവിതം ഏറെക്കുറെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കടുത്ത മഞ്ഞുവീഴ്ച നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി പരാതിയുയർന്നിട്ടുണ്ട്.

നിരത്തുകളിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് സർക്കാർ പലയാവർത്തി ആവശ്യപ്പെട്ടു. നീക്കം ചെയ്യുന്നതനുസരിച്ച് മഞ്ഞ് വീഴ്ച അധികരിക്കുന്നതിനാൽ എല്ലാ ഭാഗങ്ങളിലും മഞ്ഞ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫലപ്രദമാകുന്നില്ലെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ ചീഫ് എൻജിനീയർ വ്യക്തമാക്കി.