ന്യൂഡെൽഹി: ആദായ നികുതി വകുപ്പ് അധികൃതർ തന്റെ ഓഫീസിൽ നിന്ന് 23,000 രേഖകൾ എടുത്തു കൊണ്ട് പോയെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും താൻ കൃത്യമായ ഉത്തരം നൽകി. തന്റെ ഭാഗത്തു നിന്നും നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വദ്ര പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് റോബർട്ട് വദ്രയെ ആദായ നികുതി വകുപ്പ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ വദ്രയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും 8 മണിക്കൂർ നേരം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു.
ലണ്ടനില്‍ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന വസ്തുവകകള്‍ ഉണ്ടെന്ന കേസില്‍ വദ്രയ്ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 2018 ലാണ് വദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. വദ്രയെ പലവട്ടം ഇഡി ചോദ്യം ചെയ്തിരുന്നു. അതേസസമയം, കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് വദ്ര പറഞ്ഞു.