കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിലാണ് ഗാംഗുലി ചികിത്സയിലുള്ളത്.
നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കേണ്ടി വരുമെന്നാണ് വിവരം.ശനിയാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ എഎൻഐയോടു വെളിപ്പെടുത്തി.
ആൻജിയോപ്ലാസ്റ്റി വേണ്ടിവരുമെന്ന കാര്യവും ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ഗാംഗുലിയെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.