പക്ഷികൾ കൂട്ടത്തോടെ ചത്തു; രാജസ്ഥാനിൽ പക്ഷിപ്പനിക്കെതിരെ കനത്ത ജാഗ്രതാ നിർദേശം

ജയ്പുർ: രാജസ്ഥാനിൽ പക്ഷിപ്പനിക്കെതിരെ കനത്ത ജാഗ്രതാ നിർദേശം നൽകി സർക്കാർ. ഝാലാവാഡിൽ അമ്പതിലേറെ കാക്കകൾ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ മറ്റു ജില്ലകളിൽനിന്നും പക്ഷികൾ കൂട്ടത്തോടെ ചത്തതായി വിവരം പുറത്തുവന്നു. ഝാലാവാഡിൽ കോഴികളിലേക്കും പക്ഷിപ്പനി പടർന്നതായി സൂചനയുണ്ട്.

തണുപ്പുകാലമായതോടെ സംസ്ഥാനത്തേക്കു ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തി തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലേക്കു പടർന്നാൽ ചില ഇനം പക്ഷിപ്പനികൾ മരണകാരണമാകും.

കോട്ട, ബാരൻ, ജോധ്പുർ ജില്ലകളിൽ നിന്നായി 300ലേറെ കാക്കകൾ ചത്തു. നഗോറിൽ 50 മയിലുകളടക്കം നൂറിലേറെ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി.

ദുരിതബാധിത പ്രദേശം ശുചീകരിക്കണമെന്ന് ജൽവാർ ജില്ലാ കളക്ടർ നഖ്യാ ഗൊഹൈൻ അറിയിച്ചു. ഡിസംബർ 25 ന് ജൽവാർ പട്ടണത്തിലെ റാഡി കെ ബാലാജി ക്ഷേത്രത്തിൽ 50 ഓളം കാക്കകൾ ചത്തിരുന്നു. തുടർന്ന് വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പ്രദേശം പരിശോധിച്ച് ആനന്ദ് നഗറിലെ ദേശീയ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ അയച്ചിരുന്നു.

പരിശോധനയിൽ ഏവിയൻ ഇൻഫ്‌ലുവെൻസയാണ് കാക്കകളുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതായും കളക്ടർ അറിയിച്ചു.