വിട്ടുവീഴ്ചയിലാതെ ചൈന; ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയ 39 നാവികരെ രക്ഷിക്കാനാകാതെ ഇന്ത്യ

ന്യൂഡെൽഹി: ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയ 39 ഇന്ത്യന്‍ നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചില്ല. രണ്ടു കപ്പലുകളിലായി കുടുങ്ങി കിടക്കുന്ന 39 ഇന്ത്യന്‍ നാവികര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ചൈന പരിഗണിക്കാത്തത് സഹചര്യങ്ങള്‍ വഷളാക്കുകയാണ്.

ഇനിയും വൈകാതെ ചൈനീസ് അധികൃതര്‍ മാനുഷികപരമായ സഹായം നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ചരക്ക് കപ്പല്‍ എംവി ജാഗ് ആനന്ദ്, എംവി അനസ്താസിയ എന്നിവയാണ് ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയത്. എംവി ജാഗ് ആനന്ദ് 23ഉം അനസ്താസിയ 16ഉം ഇന്ത്യന്‍ നാവികരെ വഹിക്കുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ എന്ന പേരില്‍ ക്രൂ അംഗങ്ങളെ മാറ്റാന്‍ ചൈനീസ് അധികൃതര്‍ അനുവദിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കപ്പലുകള്‍ ഡോക്ക് ചെയ്യാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ക്രൂ അംഗങ്ങളെ മാറ്റാന്‍ അനുദിക്കുകയോ ചെയ്യണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായും പ്രാദേശിക അധികൃതരുമായും ഇന്ത്യന്‍ എംബസി ചര്‍ച്ചകള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബെയ്ജിങ്, ഹെബെയ്, ടിയാന്ജിതന്‍ എന്നിവിടങ്ങളിലെ ചൈനീസ് അധികൃതരുമായാണ് ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ചരക്ക് ഇറക്കാന്‍ കാത്തിരുന്ന ഈ രണ്ട് കപ്പലിലെയും നാവികര്‍ കടുത്ത മാനസിക പിരിമുറുക്കം നേരിടുന്നതായി വിദേശകാര്യ വക്താവ് ശ്രീവാസ്തവ അറിയിച്ചു. ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ ശ്രദ്ധയിലും വിദേശകാര്യ മന്ത്രാലയം വിഷയം എത്തിച്ചിട്ടുണ്ട്.