പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിച്ച് ഡെൽഹിയിൽ ഇന്നും നാളെയും രാത്രി കർഫ്യൂ

ന്യൂഡെൽഹി: പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡെൽഹിയിൽ ഇന്നും നാളെയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും കണ്ടത്തിയ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം.

ഇന്നും നാളെയും രാത്രി 11 മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളിൽ ഈ സമയത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഡെൽഹി ചീഫ് സെക്രട്ടറി വിജയ് ദേവ് പറഞ്ഞു.

നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശവും ഉണ്ടായിരുന്നു.ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

ഡെൽഹി കൂടാതെ രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളും പുതുവത്സര ദിവസത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.