തീവ്രവാദികൾ എന്നാരോപിച്ച് വെടിവെച്ചു കൊന്നത് നിരപരാധികളെയെന്ന് കുടുംബം; ആരോപണങ്ങൾ തള്ളി ജമ്മു കശ്മീർ പോലീസ്

ശ്രീനഗർ: തീവ്രവാദികൾ എന്നാരോപിച്ച് ജമ്മു കശ്മീർ പോലീസ് വെടിവെച്ചുകൊന്ന മൂന്നുപേർ നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം. സംഭവം പോലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും മരിച്ചവരിൽ ഒരാൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനും മറ്റൊരാൾ 11-ാം ക്ലാസ് വിദ്യാർഥിയുമാണെന്നും കുടുംബങ്ങൾ പറയുന്നു.

പുൽവാമ സ്വദേശികളായ അജാസ് മഖബൂൽ ഗാനി, ആതർ മുഷ്താഖ്, ഷോപിയാൻ സ്വദേശിയായ സുബൈർ ലോൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗൺദേർബാലിലെ ഒരു പോലീസ് ഹെഡ്കോൺസ്റ്റബിളിന്റെ മകനാണ് അജാസ് മഖ്ബൂൽ ഗാനി എന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നതിനായാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഇവിടെ വന്നതെന്നും കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രിയോടെ ശ്രീനഗറിന് സമീപത്തുവെച്ച് മൂന്നു തീവ്രവാദികളെ പോലീസും സൈന്യവും ചേർന്ന് വധിച്ചതായാണ് ജമ്മു കശ്മീർ പോലീസ് പുറത്തുവിട്ട വിവരം. കൊല്ലപ്പെട്ടവർ മൂന്നുപേരും തീവ്രവാദികളാണെന്നും എന്നാൽ ഇവരുടെ പേരുകൾ പോലീസിന്റെ തീവ്രവാദി പട്ടികയിൽ ഇല്ലെന്നും ജമ്മു കശ്മീർ പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വീട്ടുകാരുടെ ആരോപണങ്ങൾ തള്ളിയ പോലീസ്, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ ചെയ്തികളെക്കുറിച്ച് അറിവില്ലായിരുന്നെന്നും വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ആക്രമണങ്ങൾ നടത്തുന്ന പലരും കുടുംബങ്ങളിൽ സാധാരണ ജീവിതം നയിക്കുന്നവരാണെന്നും ഇത്തരം പ്രവൃത്തികളെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരിക്കില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

കൊല്ലപ്പെട്ടവരിൽ ഒരാളുടെ ബന്ധു 2017ൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയായിരുന്നെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഇവരിൽനിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും പിടികൂടിയതായും പോലീസ് പറയുന്നു.

ഷോപിയാനിൽ മൂന്ന് നിരപരാധികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പോലീസ് മൂന്നു സൈനികർക്കെതിരെ കേസെടുത്തതിനു തൊട്ടു പിന്നാലെയാണ് സമാനമായ മറ്റൊരു ആരോപണം ഉയർന്നുവന്നിരിക്കുന്നത്. ഈ സംഭവത്തിൽ സൈനികർ നിരപരാധികളെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും കൊല്ലപ്പെട്ട തൊഴിലാളികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിന് മൃതദേഹത്തിനു സമീപം ആയുധങ്ങൾ വെച്ചതായും സൈനിക കോടതി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.