തൃശൂർ: രാജ്യത്തെ ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം പൂർണമായും നടപ്പിലാകുമ്പോൾ പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശിയർക്ക് സൗജന്യ യാത്ര തുടരാം. നിലവിൽ സ്മാർട് കാർഡ് ഉള്ള തദ്ദേശിയർ ഫാസ് ടാഗ് കാർഡ് എടുക്കണമെന്ന് ടോൾ അധികൃതർ അറിയിച്ചു. ടോൾ പ്ലാസയുടെ പത്തു കിലോമീറ്ററിനുള്ളിലെ താമസക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും.
രാജ്യത്തെ ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം പൂർണമായും നടപ്പിലാക്കും. നേരത്തെ ഫാസ്ടാഗ് സംവിധാനം വന്നതോടെ ടോൾ പ്ലാസയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശീയരുടെ യാത്ര ദുരിതത്തിലായിരുന്നു. ഇവർക്ക് അനുവദിച്ചിരുന്ന സ്മാർട്ട് കാർഡ് സോഫ്റ്റ് വെയറില്‍ സ്വീകാര്യമല്ലാതായതോടെയാണ് ആനുകൂല്യം നഷ്ടമായത്. ഇതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഇതിനിടയിലാണ് സൗജന്യ യാത്ര അനുവദിക്കുമെന്ന് ടോൾ അധികൃതർ അറിയിച്ചത്. 12,000 തദ്ദേശിയർക്കായിരിക്കും ഇതിന്‍റെ ഗുണം ലഭിക്കുക. രേഖകളുമായി ടോൾ പ്ലാസയിലെത്തിയാൽ ഫാസ്ടാഗ് ലഭ്യമാക്കുമെന്നും ഇതിന്‍റെ പണം സർക്കാർ നൽകണമെന്നും ടോൾ അധികൃതർ അറിയിച്ചു.